വെഞ്ഞാറമൂട്: വട്ടപ്പാറ പള്ളിവിളയിൽ ആരംഭിച്ച ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയുടെ പ്രവർത്തനോദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
പള്ളിവിള സി.പി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ചെയ്തു. സൗജന്യഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു.
നെയ്യാറ്റിൻകര ബിഷപ് ഡോ.ഡി. സെൽവരാജൻ, ബിഷപ് എമരിറ്റസ് ഡോ. വിൻസന്റ് സാമുവൽ, ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി സഹസ്ഥാപകനും സിഇഒയും ട്രസ്റ്റിയുമായ ഫാ. ജോയ് കൂത്തൂർ, മെഡിക്കൽ ഡയറക്ടർ ഡോ. റിഷിൻ സുമൻ, ആശുപത്രി സഹസ്ഥാപകയും എഫ്എസ്സി സന്യാസസമൂഹത്തിന്റെ മദർ ജനറലുമായ സിസ്റ്റർ മരിയ ക്യാര കള്ളിയത്തുപറന്പിൽ എഫ്എസ്സി, ബ്ലോക്ക് പഞ്ചായത്ത് മെംബർ അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു.
കിടപ്പുരോഗികൾക്കും മരണാസന്നർക്കും വാർധക്യ രോഗങ്ങളെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കും സൗജന്യ പാലിയേറ്റീവ് കെയർ നൽകുന്ന ശാന്തിഭവന്റെ വട്ടപ്പാറയിലെ ആശുപത്രിയുടെ പ്രവർത്തനമാണു കൂടുതൽ സൗകര്യപ്രദമായ പള്ളിവിള ജംഗ്ഷനിലെ കരകുളം പഞ്ചായത്ത് മാർക്കറ്റിനെതിരേയുള്ള കെട്ടിടത്തിലേക്കു മാറ്റിയത്.